മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും: വിന്‍സണ്‍ എം പോള്‍

Webdunia
വ്യാഴം, 14 ജൂലൈ 2016 (14:05 IST)
മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍. വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതി തനിക്ക് ഇതുവരേയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അതിനാവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ജൂണ്‍ ഒന്നിനാണ് കഴിഞ്ഞ ജനവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാകാത്ത സാഹചര്യത്തിലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ മുന്‍ നിലപാടിലുറച്ച് രംഗത്ത് വന്നത്. 
 
വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഇക്കാര്യങ്ങള്‍ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്ന ഉത്തരവും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഇതുവരെ നടപ്പിലായില്ല. മാത്രമല്ല ഉത്തരവിറങ്ങി പത്ത് ദിവസത്തിലേറെ കഴിഞ്ഞിട്ടും അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നില്ല. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.     
 
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article