വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയ കേസിലെ നാലാം പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:21 IST)
മലപ്പുറം: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയ കേസിലെ നാലാം പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു. തിരുനാവായ സ്വദേശിയായ വ്യാപാരിയെ കോയമ്പത്ത്തൂരില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട കലക്കന്‍ വീട്ടില്‍ മുഹമ്മദ് കോയ എന്ന ബോഡി കോയയാണ് പോലീസ് വലയിലായത്. കോഴിക്കോട് കൊമ്മേരിയിലെ വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്.
 
രണ്ട് വര്‍ഷം മുമ്പ് അതായത് 2018 ഒക്ടോബറില്‍ വ്യാപാരസംബന്ധിയായി തിരുനാവായ പല്ലാര്‍ പള്ളിയാലില്‍ ഹംസ കോയമ്പത്തൂരിലേക്ക് പോയപ്പോള്‍ വഴിമധ്യേ ഉക്കടത്ത്  വച്ച് ഹംസയുടെ കാറില്‍  മറ്റൊരു വാഹനം ഇടിപ്പിക്കുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു പിന്നീട് ഹംസയെ വിടാന്‍ മോചനദ്രവ്യമായി ഇരുപതുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പത്ത് ലക്ഷം രൂപ കോഴിക്കോട്ടെ രാമനാട്ടുകര വച്ച് ബന്ധുക്കള്‍ കൈമാറി.
 
എന്നാല്‍ വീണ്ടും നാല്‍പ്പതു ലക്ഷം രൂപ ആവശ്യപ്പെട്ട തോടെയാണ് ഹംസയുടെ സഹോദരന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസ് ആയതോടെ പ്രതികള്‍ ഹംസയെ അടുത്ത ദിവസം പാലക്കാട്ടെ കൊപ്പത്ത് ഇറക്കിവിട്ടു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും രണ്ടാമ പ്രതി നിസാറിനെ ഡല്‍ഹിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. കേസിലെ നാലാം പ്രതിയായ ബോഡി കോയ തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍