പെണ്‍കുട്ടിയെ പ്രലോഭിപ്പച്ച് കണ്ണൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ പടുവിലായി വിജിന്‍ (25), കണ്ടക്ടര്‍ മാങ്ങാട്ടിടം വേങ്ങാട് ജിതിന്‍ എന്ന കുട്ടന്‍ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് മുക്കം സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. നേരത്തെ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസില്‍ കയറ്റി കണ്ണൂരിലെത്തിക്കുകയും താണയിലെ ലോഡ്ജില്‍ വച്ചു പീഡിപ്പിക്കുകയുമായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ ഇവര്‍ കണ്ണൂരില്‍ ഉപേക്ഷിച്ചു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു തലശേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി.