കൂകിപ്പായുന്ന ബസ്സുകളെ പിടിച്ചുകെട്ടാന്‍ ഗതാഗതവകുപ്പ്

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (13:49 IST)
പ്രൈവറ്റ് ബസ്സുകള്‍ക്കെതിരായ പരാതികള്‍ വ്യാപകമായതോടെ ബസ്സുകളെ നിയന്ത്രിക്കാന്‍ മൊടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ഇതിനായി ഈ മാസം 16 മുതല്‍ സംസ്ഥാനവ്യാപകാമായി വകുപ്പ് പരിശോധന വാരം നടപ്പാക്കുന്നു.

വേഷം മാറിയും യാത്രക്കാരനേപ്പോലെ ബസ്സുകളില്‍ സഞ്ചരിച്ചും അമിതവേഗം, വേഗപ്പൂട്ട്, ടിക്കറ്റ് നല്‍കുന്നുണ്ടോ, യാത്രക്കാരോടുള്ള പെരുമാറ്റം, ഫുട്ബോഡിലെ യാത്ര, പ്രാഥമിക ശുശ്രൂഷാ സംവിധാനം, ആവശ്യത്തിനു ജീവനക്കാരുണ്ടോ, കതകുകളുണ്ടോ തുടങ്ങി ബസ് നിരത്തില്‍ ഇറക്കാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

കെ‌എസ്‌ആര്‍ടിസി ഉള്‍പ്പടെ സംസ്ഥാനത്തെ പതിനായിരത്തില്‍ പരം ബസ്സുകള്‍ പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരാഴ്ച ബസുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണു നിര്‍ദേശം.

പരിശോധനാ കാലയളവില്‍ ജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാനും സംവിധാനമുണ്ട്. ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ചു പറയുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-മെയിലില്‍ പരാതി അയയ്ക്കുകയും ചെയ്യാം. കേസെടുത്ത ശേഷം റോഡ് സുരക്ഷാ സമിതി യോഗത്തിന്റെ അനുമതിയോടെ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്.