മലപ്പുറം കളക്ട്രേറ്റ് വളപ്പിൽ നിർത്തിയിട്ട കാറിൽ പൊട്ടിത്തെറി

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (14:19 IST)
മലപ്പുറം സിവില്‍ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പൊട്ടിത്തെറി. ഹോമിയോ ഡിഎംഒയുടെ കാറിന്റെ പിൻവശത്ത് ഇന്ന് ഉച്ച്യ്ക്ക് 1.30 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിൻഭാഗം തകർന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സ്‌ഫോടനത്തിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തിൽ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് കൂടിനിന്നവര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്‌ഫോടന ശബ്ദത്തെത്തുടര്‍ന്ന് കളക്ടര്‍ ഷൈനാമോള്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി. ബോധപ്പൂര്‍വ്വമുള്ള ശ്രമമായിട്ടാണ് സ്‌ഫോടനം നടന്നതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായതിന് സമാനമായ സ്‌ഫോടനമാണ് മലപ്പുറത്തും  ഉണ്ടായിരിക്കുന്നത്

ഡിവൈഎസ്‌പി പി എം പ്രദീപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്‌ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടേതുപോലുള്ള അവശിഷ്‌ടം പരിസരത്തുനിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു.
Next Article