യാത്രക്കാര്‍ മര്‍ദ്ദിച്ചു; കൊച്ചിയില്‍ ബോട്ട്‌ ജീവനക്കാര്‍ പണിമുടക്കി

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (10:28 IST)
യാത്രക്കാര്‍ മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ച്‌ കൊച്ചിയില്‍ ബോട്ട്‌ ജീവനക്കാര്‍ സര്‍വീസ്‌ നിര്‍ത്തിവെച്ച്‌ പണിമുടക്കുന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ്‌ പണിമുടക്കിയത്‌. ഇന്നലെ രാത്രി അവസാനത്തെ സര്‍വീസിനിടെയാണ് ഏഴ് ജീവനക്കാര്‍ക്ക് യാത്രക്കാരുടെ മര്‍ദ്ദനമേറ്റത്. ഇവര്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

കൊച്ചിയിലെ ബോട്ട് സര്‍വീസ് പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.  പത്തുപേരുടെ മരണത്തിനിടയായ ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന് ശേഷം ബോട്ട് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവെന്നും ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ബോട്ടിലേക്ക് കൂടുതല്‍ പേര്‍ തള്ളിക്കയറുന്നത് വാക്കേറ്റത്തിനും കയ്യേറ്റത്തിനും ഇടയാകാറുണ്ട്.

ഇന്നലെ ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം അഞ്ചുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ബഹളത്തെത്തുടര്‍ന്ന്‌ മേയര്‍ പിരിച്ചുവിട്ടിരുന്നു. മേയര്‍ ചര്‍ച്ചകള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ടിരിക്കെ കരാറിന്റെ യഥാര്‍ത്ഥ ഫയല്‍ സഭയില്‍ വെക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.