തൊടുപുഴ കമ്പകക്കാനത്ത് ഓരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി അനീഷ് പിടിയിൽ. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. മന്ത്രശക്തി കൈക്കലാക്കുന്നതിനായി അനീഷാണു കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
നേരത്തേ സംഭവത്തിൽ അനീഷിന്റെ കൂട്ടുപ്രതിയായ ലിബീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും ചേർന്ന് കൊലപാതകം നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികൾ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.
ജൂലൈ 29നാണ് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും ലിബീഷും ചേർന്ന് കൊലപ്പെടുത്തിയത്. ബുള്ളറ്റിന്റെ പൈപ്പുപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്.
കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നായിരുന്നു അനീഷ് വിശ്വസിച്ചിരുന്നത്. ഇതിന് കാരണമാണെന്ന് അയാൾ വിശ്വസിച്ചിരുന്ന വിലപ്പെട്ട താളിയോലകൾ കൈക്കലാക്കുന്നതിനായിട്ടാണ് കൃഷ്ണനെ കൊലപ്പെടുത്തിയത്. കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷ് ചെയ്ത ചില മന്ത്രവാദങ്ങൾ പരാജയപ്പെട്ടതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെ കൃഷ്ണനോട് പക തോന്നിയ അനീഷ് ഇയാളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്യുകയായിരുന്നു.