ആതിരയുടെ മരണം ആഭിചാരത്തിനിടെ, ഭക്ഷണമോ വെള്ളമോ നല്‍കാതെ ക്രൂരത!

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (16:03 IST)
സാക്ഷര കേരളത്തില്‍ മന്ത്രവാദവും ആഭിചാരങ്ങളൊടുമുള്ള അന്ധമായ വിശ്വാസത്തില്‍ സ്വന്തം ജീവന്‍ ഹോമിക്കേണ്ടി വന്ന് ആതിരയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത ആഭിചാര പ്രയോഗങ്ങള്‍. ആഭിചാരക്രിയയുടെ ഭാഗമായി കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ചു നടത്തിയ പൂജയ്ക്കിടെയാണ് ആതിരയ്ക്കു പൊള്ളലേറ്റതെന്നാണ് നിഗമനം. ഈ പൊള്ളലുകളില്‍ ഉണ്ടായ അണുബാധയാണ് ആതിരയുടെ ജീവനപഹരിച്ചത്.

പൂജയുടെ ഭാഗമായി ആതിരയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ യാതനകളായിരുന്നു. കര്‍പ്പൂരം കത്തിച്ച് അതിലേക്ക് ആതിരയുടെ കൈകള്‍ ബലം പ്രയോഗിച്ച് പിടിപ്പിച്ചിരുന്നു എന്ന് കൈകളില്‍ ഉണ്ടായ പൊള്ളലില്‍ നിന്ന് വ്യക്തമാണ്. സാമ്പ്രാണി കത്തിച്ച് കീഴ്ത്താടിക്കു താഴെ പിടിച്ചതില്‍ നിന്നാവാം അവിടെ പൊള്ളലേറ്റിരിക്കുക. അതില്‍ നിന്നു തീപ്പൊരി വീണ് നെഞ്ചില്‍ പൊള്ളലേറ്റു.

തുടര്‍ച്ചയായ ശാരീരികപീഡനം പെണ്‍കുട്ടിയുടെ മനോനില തന്നെ തകരാറിലാക്കി. ഇതിനു പുറമേ ഭക്ഷണമോ വെള്ളമോ കൃത്യമായി കൊടുക്കുന്നുണ്ടായിരുന്നുമില്ല. എന്നാല്‍ മരണപ്പെട്ട അവസ്ഥയില്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തിങ്കളാഴ്ചയും ആതിരയ്ക്ക് സമാനമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി പൊലീസ് പറയുന്നു.

കൈവെള്ളയിലും പുറത്തും മാറിടത്തിലും ഉണ്ടായ പൊള്ളലുകള്‍ക്ക് മറ്റുള്ളവയേക്കാള്‍ പഴക്കമുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രവാദം നടത്തിയ മിതേഷ് എന്നയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ദിവസങ്ങളായി പെണ്‍കുട്ടി യാതനകളനുഭവിച്ചിരുന്നു എന്ന് വ്യക്തമായത്.

പൊള്ളലുണ്ടായ ഭാഗത്തു ഭസ്മം വാരിപ്പൂശുകയും ചെയ്തു. ഈ മുറിവിലുണ്ടായ അണുബാധ ആന്തരികാവയവങ്ങളെ ബാധിച്ചു. നേരത്തേ തന്നെ ശരീരത്തിന് വേണ്ടത്ര പ്രതിരോധ ശേഷിയില്ലാതിരുന്ന ആതിരയ്ക്ക് ഈ അണുബാധ അതിജീവിക്കാന്‍ കഴിയാതിരുന്നതാണ് മരണത്തിന് കാരണമായത്.  

സംഭവത്തില്‍ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ആതിരയുടെ പിതാവ് പ്രസന്നകുമാറിനെയും ഇയാളുടെ സുഹൃത്ത് വിക്രമനെയുമാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ആതിരയുടെ പിതൃസഹോദരന്‍ മരുമകന്‍ മിതേഷും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ പൊലീസ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഡി.സി.സി. ഓഫീസ് സെക്രട്ടറി കൂടിയായ വല്‍സലനെ (50), നേരത്തേ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ മിതോഷിന്റെ കൂട്ടുകാരില്‍ ചിലര്‍ക്കും പങ്കുണ്ടെന്ന് സൂചന ലഭിച്ചത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.

പ്രാകൃതമായ രീതിയില്‍ പ്രാര്‍ഥന നടത്തി, ജീവനു ഭീഷണിയാകുംവിധം മുറിവുണ്ടായിട്ടും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് തയാറായില്ല എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നതിന് ശേഷം കൂടുതല്‍ വകുപ്പ് ചുമത്തുന്നതിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്. നിലവില്‍ പ്രതികള്‍ക്കെതിരേ കൊലക്കേസ് എടുത്തിട്ടില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.