സംസ്ഥാന സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കും മയക്കുമരുന്നു മാഫിയയ്ക്കും കൂട്ടു നില്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. ഉന്നത ബന്ധമുള്ള കൊച്ചിയിലെ കൊക്കയിന്‍ കേസ് അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് ഈ ബന്ധത്തിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയും ഉന്നതരിലേക്കെത്തിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റിയ സര്‍ക്കാര്‍ നടപടി കേസുമായി ബന്ധമുള്ള ചില സിനിമാക്കാരും രാഷ്ട്രീയ ഉന്നതരും നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കേരളത്തിലെ മയക്കുമരുന്നു വിപണനത്തിനും മയക്കുമരുന്നെത്തിക്കുന്നതിലുമെല്ലാം ഉന്നതബന്ധമാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ മയക്കുമരുന്നു മാഫിയയ്ക്ക് ഉന്നത സ്വാധീനമുണ്ട്. മയക്കുമരുന്ന് ലോബിക്ക് പൊലീസിലെ ചില ഉന്നതരുമായും രഹസ്യധാരണ ഉണ്ട്. തെളിവില്ലെന്ന് പറഞ്ഞ് കേസ് പൂഴ്ത്താനോ, അതല്ലെങ്കില് ദുര്‍ബലമായ തെളിവുകള്‍ നിരത്തി കേസില്ലാതാക്കാനോ ആണ് സര്‍ക്കാര്‍ ശ്രമം. ഇതിന് കൂട്ടു നില്ക്കാത്തതിന്റെ പേരിലാണ് അന്വേഷണ ഉദ്യോഗസ്ഥയായ കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നിശാന്തിനിയെ സ്ഥലംമാറ്റിയതെന്നും മുരളീധരന്‍ പറഞ്ഞു.
മയക്കുമരുന്നു മാഫിയ ശക്തമായ സമ്മര്‍ദ്ദമാണ് സര്‍ക്കാരില്‍ ചെലുത്തുന്നത്. ആഭ്യന്തരമന്ത്രി ഉള്പ്പടെയുള്ള ഉന്നതരുമായി ഇവര്ക്ക് ബന്ധമുണ്ടെന്ന വാര്ത്തകളും പുറത്തു വരുന്നു. കേസിന്റെ അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നതെന്നു കണ്ടപ്പോള് ഉന്നതര്ക്കുണ്ടായ ഭയം മൂലമാണ് നിശാന്തിനിയെ തല്സ്ഥാനത്തു നിന്നുമാറ്റിയത്. തൃശ്ശൂരില് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതിയായ നിസാമിനു മയക്കുമരുന്നു മാഫിയയുമായി അടുത്ത ബന്ധമാണുള്ളത്. കൊക്കയിന് കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യാന് പോലീസ് കസ്റ്റഡിയില് വാങ്ങാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റിയത്.
കേരളത്തിലേക്ക് കൊക്കയിന്‍ പോലുള്ള മാരകമായ മയക്കുമരുന്നുകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരുമടങ്ങുന്നവരാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉന്നത സ്വാധീനവുമുണ്ട്. ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ പിണിയാളുകളാണ്. വിദേശങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഇവിടേക്ക് എത്തിക്കുന്നതിനും സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതരുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനു തടയിടേണ്ടത് അത്യാവശ്യമാണ്. കേസന്വേഷണം ശരിയായ രീതിയില്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മയക്കുമരുന്നു കേസ് ശരിയായ രീതിയില് അന്വേഷിക്കുകയും പിന്നില് പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. എത്ര ഉന്നതരായാലും മയക്കുമരുന്നു മാഫിയയെ തകര്‍ക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് വി മുരളീധരന് പറഞ്ഞു. അല്ലെങ്കില്‍ ഒരു തലമുറ മുഴുവന് മയക്കുമരുന്നിന് അടിപ്പെട്ട് ഇല്ലാതാകുകയാകും ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.