ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളോട് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. സംസ്ഥാനത്ത് വളരാനും ശക്തി പ്രാപിക്കാനും ഇതിലും നല്ല അവസരം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
ദേശീയ തലത്തിലെന്ന പോലെ കേരളത്തിലും കോണ്‍ഗ്രസ് ശിഥിലമായി കൊണ്ടിരിക്കുകയാണ്. ഘടകക്ഷികളെല്ലം അസംതൃപ്‌തരാണ്. പലരും എങ്ങോട്ടാണ് പോകേണ്ടതെന്ന ആലോചനയില്‍ മുഴുകിയിരിക്കുകയാണ്. എല്‍ ഡി എഫ് അധികാരത്തിലിരിക്കുന്നതില്‍ തുറന്ന പോരിന് ഒരിക്കലും അവര്‍ തയാറാകില്ല. അതിനാല്‍ ഈ സമയമാണ് സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ പറ്റിയ അവസരമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ബിജെപി ദേശീയ കൌണ്‍സില്‍ യോഗം കോഴിക്കോട് വച്ചു നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സെപ്‌തംബറില്‍ 23,24,25 തിയതികളിലാണ് യോഗം നടക്കുക. 24, 25 തിയതികളിലെ യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. സെപ്‌തംബര്‍ 24ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ദീര്‍ ദയാല്‍ ഉപാധ്യയ നൂറാം ജന്‍മവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കും.
ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി അടക്കമുള്ള വമ്പന്‍ നേതാക്കന്മാരെ ഉള്‍പ്പെടുത്തി ബിജെപി ദേശീയ കൌണ്‍സില്‍ യോഗം കോഴിക്കോട് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തകരില്‍ ഉണര്‍വ് ഉണ്ടാക്കുകയുമാണ് നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നത്.