സംസ്ഥാനത്തെ അഴിമതി ഭരണത്തിനും പ്രതിപക്ഷത്തിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരേ ബിജെപി നടത്തുന്ന ഉപരോധ സമരം ആരംഭിച്ചു. ഇന്നലെ വൈകിട്ടൊടെയാണ് സമരം ആരംഭിച്ചത്, ബിജെപിക്കു പുറമെ സംഘപരിവാര്‍ സംഘടനകളും ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന വക്താവ് വിവി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എംടി രമേശ്, ജോര്‍ജ്ജ് കുര്യന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍, ദേശീയ സമിതിയംഗം കരമന ജയന്‍ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉപരോധം തുടര്‍ന്നാല്‍ നഷ്ടപരിഹാരം ഈടാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇത് അവഗണിച്ചാണ് ഇപ്പോള്‍ സമരം.
കേരളത്തിലെ എല്ലാ ജില്ലാകമ്മിറ്റികളില്‍ നിന്നും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമരം. ഇന്ന് രാവിലെ 10ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. എംജി റോഡിന് അഭിമുഖമായുള്ള സമരഗേറ്റ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നു കന്റോൺമെന്റ് ഒഴികെ ഗേറ്റുകൾ ഉപരോധിക്കും.സമരഗേറ്റിൽ അമിത് ഷായ്‌ക്കു പ്രസംഗിക്കാനുള്ള സ്‌റ്റേജിന്റെ പണി രാത്രിയോടെ ആരംഭിച്ചു. ചെറുപ്രകടനങ്ങളായി സെക്രട്ടറിയേറ്റിനു മുന്നിലേക്കു പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ അമിത് ഷാ കേരളത്തില്‍ എത്തിയിരുന്നു. സംഘടനാ സംവിധാനാത്തെ ശക്തിപ്പെടുത്തി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യക്ഷ സമര പരിപാടികളുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ഇതെ ദൌത്യവുമായാണ് അമിത്‌ഷായും കേരളത്തില്‍ എത്തിയിരിക്കുന്നത്.