ശ്രീധരന്‍ പിള്ള പുറത്തേക്ക് ?; സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തേക്ക് ? - എംടി രമേശും പരിഗണനയില്‍!

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (16:57 IST)
അനുകൂല സാഹചര്യം പോലും നേട്ടമാക്കി മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്ക് പകരം ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്‍ വന്നേക്കും. സംസ്ഥാന ഘടകത്തില്‍ വിഭാഗീയത രൂക്ഷമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാകും പുതിയ അക്ഷ്യക്ഷന്‍ വരുക.

പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാകും പുതിയ അധ്യക്ഷനെ കണ്ടെത്തുക. സംസ്ഥാന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പുതന്നെ പുതിയ പ്രസിഡ‌ന്റിനെ നിയോഗിക്കുമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

ശ്രീധരന്‍ പിള്ളയുടെ പകരക്കാരനെ കണ്ടെത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ പട്ടികയില്‍ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവരാണ് മുന്നിലുള്ളത്. ഇവരില്‍ സുരേന്ദ്രനാണ് കൂടുതല്‍ സാധ്യത. ശബരിമല വിഷയത്തില്‍ സ്വീകരിച്ച കടുത്ത നിലപാടാണ് സുരേന്ദ്രന് നേട്ടം.

സംസ്ഥാന ബിജെപി ഘടകത്തിന് നിര്‍ണായകമാകുന്ന മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ അധ്യക്ഷന്റെ കീഴിലാകണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം  ആഗ്രഹിക്കുന്നത്.

ജനകീയ സ്വീകാര്യതയും പാട്ടിയില്‍ നിന്നുള്ള ശക്തമായ പിന്തുണയുമാണ് സുരേന്ദ്രന് നേട്ടമാകുക. പികെ കൃഷ്ണദാസ് വിഭാഗമാണ് രമേശിനെ പിന്തുണയ്‌ക്കുന്നത്. മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്റെ പിന്തുണയാണ് സുരേന്ദ്രനെ തുണയ്‌ക്കുക. സംസ്ഥാന ബിജെപിയില്‍ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് മുരളീധരന്റേത്.

അനുബന്ധ വാര്‍ത്തകള്‍

Next Article