മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ ജസ്‌റ്റീസ് പി സദാശിവം വിളിച്ചു വരുത്തിയ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം തീരുമാനം. ഗവര്‍ണറുടെ നീക്കത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന പൊതുവികാരമാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുമുണ്ടായത്.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. സംഭവം വിവാദമാക്കാന്‍ നില്‍ക്കുന്നവരുടെ വലയില്‍ വീഴരുത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം വിവാദമാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
തലസ്ഥാനത്തെ സിപിഎം- ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റെയേയും വിളിച്ചു വിശദീകരണം ചോദിച്ചത്.
ഗവര്‍ണറുടെ ഈ നടപടിക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇതെല്ലാം പൂര്‍ണമായും തളളിയാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്. എന്നാല്‍ ഗവര്‍ണറുടേത് സ്വാഭാവിക നടപടി മാത്രമാണെന്ന അഭിപ്രായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കുവച്ചത്.