മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ വെട്ടിലാക്കി വനിതാ നേതാവ് പാർട്ടി വിട്ടു. ഇമ്രാൻ ഖാൻ അശ്ലീല സന്ദേശമയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കൂടിയായ അയേഷാ ഗുലാലായ് പാർട്ടിയില്‍ നിന്നും രാജിവച്ചത്.
മാന്യതയുള്ള സ്‌ത്രീകള്‍ക്ക് ഇമ്രാൻ ഖാന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സ്‌ത്രീകളോട് അത്രയ്‌ക്കും മോശമായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. കഴിവുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്നത് തന്റെ നേതൃസ്ഥാനത്തിന് ഭീഷണിയാണെന്ന് വിശ്വസിക്കുന്ന വ്യക്തികൂടിയാണ് ഇമ്രാൻ ഖാനെന്നും അയേഷാ പറഞ്ഞു.
ഇമ്രാൻ ഖാന്റെ മോശം പെരുമാറ്റത്തിലും ചവിട്ടി താഴ്‌ത്തലിലും നിരവധി പേര്‍ പാര്‍ട്ടി വിട്ടു പുറത്തു പോയെന്നും വനിതാ നേതാവ് പറഞ്ഞു.
എന്നാല്‍, അയേഷാ ഗുലാലായുടെ നിലപാടിനെ തള്ളി പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗില്‍ ചേരാനാണ് അയോഷ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ ദേഷ്യമാണ് അവര്‍ക്കെന്നും വനിതാ നേതാക്കള്‍ പറഞ്ഞു.