പക്ഷിപ്പനിക്കുള്ള പ്രതിരോധ മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. 45,00 പ്രതിരോധ ഗുളികകള്‍ കൂടി എത്തിക്കും. മൂന്ന് ലക്ഷത്തോളം ഗുളികകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താറാവുകളെ കൊല്ലുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഇന്നു മുതല്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രോഗം പടര്‍ന്നു പിടിച്ച ആലപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ടീമിനെ കൂടി നിയോഗിച്ചു. കോട്ടയത്ത് പതിനഞ്ചും പത്തനംതിട്ടയില്‍ പത്ത് ടീമിനെയും നിയോഗിച്ചു. പക്ഷിപ്പനി ബാധിത മേഖലകളില്‍ നിന്ന് താറാവ്, കോഴി, മുട്ട തുടങ്ങിയവ കടത്തുന്നത് തടയുന്നതിന് പൊലീസിന്റെ സേവനം പ്രയോജനപ്പെടുത്തും.
പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി 10,000 കിറ്റുകള്‍ കൂടി ശേഖരിക്കുമെന്നും ശിവകുമാര്‍ അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ പ്രതിരോധ നടപടികളില്‍ കേന്ദ്രവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി.