ജൈവ പച്ചക്കറി തരംഗമാകുന്നു; സിപി‌എമ്മിനു പിന്നാലെ കോണ്‍ഗ്രസും ജൈവകൃഷിക്ക്

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (11:34 IST)
ഓണക്കാലത്ത്‌ ജൈവ പച്ചക്കറി വിപണിയിലെത്തിച്ച് കേരളത്തിന്റെ മനസു പിടിച്ചെടുത്ത് സിപി‌എമ്മിനു പിന്നാലെ കോണ്‍ഗ്രസും. ജൈവപച്ചക്കറിയിലൂടെ സിപിഎം ഉയര്‍ത്തിയ ആശയം ഓണക്കാലത്ത്‌ വന്‍ വിജയമായതാണ്‌ ഇതര പാര്‍ട്ടികള്‍ക്കും ക്ലബ്ബുകള്‍ക്കും ഈ ചിന്ത ഉദിച്ചു തുടങ്ങിയിട്ടുള്ളത്‌.

ഓണത്തിന്‌ പാര്‍ട്ടി നേതൃത്വത്തില്‍ വിവിധ ഇടങ്ങളിലായി കര്‍ഷകര്‍ 500 ഏക്കറില്‍ നടത്തിയ കൃഷി 12 കോടിയുടെ വരുമാനമാണ്‌ ഉണ്ടാക്കിയത്‌. 880 സ്‌റ്റാളുകളിലൂടെ 15000 ടണ്‍ പച്ചക്കറി വില്‌പന നടത്താനായെന്നാണ്‌ കണക്ക്‌. ഇതൊടെയാണ് പരിസ്‌ഥിതി ലക്ഷ്യമാക്കി നീങ്ങാന്‍ കോണ്‍ഗ്രസും മുന്നിട്ടിറങ്ങുന്നത്. അതിനിടെ ഓണം വിപണി നല്‌കിയ ആവേശത്തില്‍ മലയാളിയുടെ മറ്റൊരു ആഘോഷമായ വിഷുവിന്‌ കൂടുതല്‍ പച്ചക്കറി കൃഷി നടത്താന്‍ തയ്യാറെടുക്കുകയാണ്‌ സിപിഎം.

പാലക്കാട്ട്‌ പ്ലീനത്തിലാണ്‌ ജൈവ പച്ചക്കറി കൃഷി, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആശയങ്ങള്‍ തീരുമാനിക്കപ്പെട്ടത്‌. വ്യത്യസ്‌തമായ പ്രവര്‍ത്തന ശൈലിയിലൂടെ സാധാരണക്കാരെ പാര്‍ട്ടിയിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുക ആയിരുന്നു ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ടത്‌. പച്ചക്കറി വിളയിപ്പിച്ചതിലൂടെ ആദ്യലക്ഷ്യം വിജയിപ്പിക്കാനും കഴിഞ്ഞു.