സര്‍ക്കാരിന്റെ പുതിയ മദ്യനയം ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. ബാര്‍ അസോസിയേഷനില്‍ ഫൈവ് സ്‌റ്റാര്‍ ബാര്‍ ഉടമകള്‍ക്ക് മാത്രം അംഗത്വം ലഭിക്കുന്ന സാഹചര്യത്തില്‍ ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ഉടമകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിക്കുമെന്നാണ് ചില അംഗങ്ങളുടെ നിലപാട്.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബാര്‍ ഉടമകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. മരട് സരോവരം ഹോട്ടലില്‍ വൈകിട്ട് മൂന്നിനാണ് യോഗം. യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ബാര്‍കോഴക്കേസിലെ വസ്തുതകള്‍ ബിജു രമേശ് ഇന്ന് നടക്കുന്ന യോഗത്തില്‍ വിശദീകരിക്കും.
നേരത്തെ അടച്ചുപൂട്ടിയ 418 ബാറുകളുടെ ഉടമകളുടെ യോഗമാണ് നടക്കുന്നതെന്നും സംഘടന ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കാത്തതിനാലാണ് താന്‍ യോഗം വിളിക്കുന്നതെന്നുമാണ് ബിജു രമേശിന്റെ വിശദീകരണം. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദീകരിക്കണമെന്നാണ് ബിജു രമേശിനെ അനുകൂലിക്കുന്നവരുടെ വാദം. നേതൃത്വം പല കാരണങ്ങള്‍ പറഞ്ഞ് പിരിച്ച കോടിക്കണക്കിന് രൂപയ്‌ക്ക് കണക്കു കാണിക്കണമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ കണക്കുകള്‍ നല്‍കുന്നില്ലെന്ന വാദം അസോസിയേഷന്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ അറിവോടെയല്ല യോഗം നടക്കുന്നത്. ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ബിജു രമേശിന് നിയമപരമായി സാധിക്കില്ലെന്നാണ് സംഘടനയുടെ വാദം. കൃത്യമായി മാസവരിയോ ലീഗല്‍ ഫണ്ടോ നല്‍കാത്തവരാണ് സംഘടന പിളരുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നതെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എംഡി ധനേഷ് പറയുന്നു.