കേസ് വാദിക്കുന്നത് ഇപ്പോള്‍ ബിജു രാധാകൃഷ്ണനാണ്!

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (09:15 IST)
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ കേസ് സ്വയം വാദിക്കുകയാണ്. ചൊവ്വാഴ്ച പെരുമ്പാവൂര്‍ കോടതിയില്‍ രണ്ടുമണിക്കൂറോളം ബിജു സ്വയം വാദിച്ചു.  മുടിക്കല്‍ സ്വദേശി സജാദിന്റെ കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന ബിജുവിന്റെ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിച്ചത്. കേസിലെ മറ്റു പ്രതികളാരും ഹാജരായില്ല.
 
ഒരുമണിക്കാണ് ബിജു വാദം തുടങ്ങിയത്. ഇടയ്ക്കു കോടതി പിരിഞ്ഞു. പിന്നീട് ഉച്ചയ്ക്കുശേഷവും വാദംകേട്ടു. സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സജാദുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (എംഒയു) ഒപ്പിട്ടിട്ടുണ്ടെന്നും ഇതിന്റെ ലംഘനം സിവില്‍ സ്വഭാവമുള്ളതാണെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ വാദം. മാത്രമല്ല, ഇക്കാര്യത്തില്‍ ഡിവൈഎസ്പിക്ക് അധികാരമില്ല. തന്റെ ഭാഗത്ത് ആള്‍മാറാട്ടം നടന്നിട്ടില്ലെന്നും ബിജു കോടതിയില്‍ ബോധിപ്പിച്ചു. 
 
രാധാകൃഷ്ണന്റെ മകന്‍ ബിജു എന്ന പേര് ഉപയോഗിച്ചാണ് വിസിറ്റിംഗ് കാര്‍ഡുണ്ടാക്കിയത്. ആര്‍ബി നായര്‍ എന്ന വിസിറ്റിംഗ് കാര്‍ഡില്‍ ആള്‍മാറാട്ടമില്ല. ഇതില്‍ പതിപ്പിച്ച ഫോട്ടോയും തന്റെതുതന്നെയാണെന്നും ബിജു കോടതിയില്‍ വാദിച്ചു. 
 
അതേസമയം ഈ വാദത്തെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഹരിദാസ് എതിര്‍ത്തു. വിശ്വകര്‍മ സമുദായത്തില്‍ ഉള്‍പ്പെട്ടയാളായ ബിജു, ആര്‍ബി നായര്‍ എന്ന് ചേര്‍ത്തത് ആള്‍മാറാട്ടം തന്നെയാണെന്ന് എപിപി കോടതിയില്‍ ചൂണ്ടിക്കാട്ടി.