ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു ഉയര്‍ന്ന ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപവരെ ബോണസ് നൽകുന്നതു നിരുത്തരവാദിത്വമാണെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ വൻതുക ബോണസ് നൽകുന്നത് നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് ധനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകുകയും ചെയ്തു.
അതേസമയം, കെഎസ്എഫ്ഇ ജീവനക്കാരുടെ ഇൻസന്റീവ് ഒൻപത് ശതമാനത്തില്‍ നിന്ന് ഏഴേമുക്കാൽ ശതമാനമായി കുറക്കുകയും ചെയ്തു. സമാനമായ നിയന്ത്രണം ബെവ്‌കോയിലും നടപ്പാക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. 85,000 രൂപയാണ് ഇത്തവണ ബെവ്‌കോ ഓണത്തിന് ജീവനക്കാര്‍ക്ക് ബോണസായി നല്‍കുന്നത്. 19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസായിരുന്നു ഇത്തവണ ലഭിച്ചത്.
കൂടാതെ ഓണനാളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപയും ബെവ്‌കോ നല്‍കും. സ്ഥിരം തൊഴിലാളികള്‍ക്ക് 30000 രൂപയാണ് അഡ്വാന്‍സായി ലഭിക്കുക. സി1,സി2,സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികളുടെ കയ്യില്‍ ഓണത്തിന് ഒരു ലക്ഷത്തിലധികം രൂപയെത്തും. അതേസമയം, ലേബലിങ് തൊഴിലാളികള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്സിന് 1000 രൂപയും ബോണസായി ലഭിക്കും.