ബാറുകള്‍ക്ക് മരണമണി; സര്‍ക്കാര്‍ മദ്യനയം നിയമമാക്കി

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (13:41 IST)
എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മദ്യനയം നിയമമാക്കാതെ നിലനിൽക്കില്ലെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചതിനാൽ അവയ്ക്ക് പൂട്ടല്‍ ഭീഷണി ഇല്ല. അതു പോലെ തന്നെ ക്ളബ്ബുകളില്‍ മദ്യം വിളമ്പുന്ന കാര്യത്തില്‍ തീരുമാനമാകാത്ത കാരണം അവര്‍ക്കും ഈ നിയമം നിലവില്‍ ബാധകമാവില്ല.

അതേസമയം സംസ്ഥാനത്തെ ബാറുകൾ പൂട്ടുന്നതിന് സർക്കാർ നോട്ടീസ് നൽകിത്തുടങ്ങി. നേട്ടീസ് നേരിട്ട് വാങ്ങാത്ത ബാറുകളുടെ ഭിത്തിയില്‍ നോട്ടീസ് പതിക്കാനാണ് തീരുമാനം. അബ്കാരി നിയമത്തിലെ ആർട്ടിക്കിൾ 26 പ്രകാരം നൽകിയ നോട്ടീസിൽ,​ ബാറുകൾ പൂട്ടാൻ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
712 ബാറുകൾക്കാണ് നോട്ടീസ് നൽകുന്നത്.

നിലവിൽ പ്രവർത്തിക്കുന്ന 312 ബാറുകൾക്കും നിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടിയ 418 ബാറുകൾക്കുമാണ് നോട്ടീസ് നൽകി തുടങ്ങിയത്. സെപ്തംബർ 12ന് എല്ലാ ബാറുകളും പൂട്ടിയിരിക്കണമെന്നാണ് സര്‍ക്കാര്‍ ബാറുടമകളെ അറിയിച്ചിരിക്കുന്നത്.