ബാര്‍കോഴ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ കാണാം: വി.എസ്‌

Webdunia
ശനി, 13 ജൂണ്‍ 2015 (13:19 IST)
ബാര്‍ കോഴക്കേസില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തി കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ നേരിടുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കെഎം മാണിയെ രക്ഷിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഎം മാണിയെ പ്രതിയാക്കി കേസെടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് അംഗീകരിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയാറാകണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടതു കോടതിയാണ്. വിഷയത്തില്‍ വിജിലന്‍സ് എഡിജിപി കോടതി ചമയരുത്. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനായി അട്ടിമറി നടത്താനുള്ള ഒരു നിക്കവും  അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് 309 സാക്ഷികളെ വിസ്തരിച്ചു എന്നാൽ ആരും കെഎം മാണിക്കെതിരെ തെളിവു നൽകിയില്ല. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നൽകിയിട്ടില്ലെന്നു മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.