“ ബാർ കോഴ: അന്വേഷണത്തിൽ യാതൊരുവിധ ഇടപെടലുമില്ല ”

ശനി, 13 ജൂണ്‍ 2015 (09:31 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രമില്ലെന്ന് കേട്ടുവെങ്കിലും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ സര്‍ക്കാരോ വിജിലന്‍സോ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ആക്ഷേപമുള്ളവർക്ക് കോടതിയിൽ ചോദ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ല. അന്വേഷണത്തില്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. അതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വ്യക്തമാക്കാമെന്നും ചെന്നിത്തല പറഞ്ഞു. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവില്ലെന്നു വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം.

മാണിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം വിജിലന്‍സ് അംഗീകരിച്ചു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ബാര്‍ക്കോഴക്കേസില്‍ അന്വേഷണം വഴിമുട്ടിയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക