ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യം ശക്തമായി നിലനില്‍ക്കെ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ജാഥ നീട്ടിവെക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് യോജിപ്പില്ല. ജാഥ മാറ്റേണ്ടതില്ലെന്നു കെപിസിസി അധ്യക്ഷൻ വിഎം സുധീരന്‍ പറഞ്ഞതു കോണ്‍ഗ്രസിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ ഒമ്പത് മണിക്ക് ക്ലിഫ് ഹൌസിലാണ് യോഗം ചേരുക.
അതേസമയം മാണിയുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ച് മധ്യമേഖലാ ജാഥകള്‍ മാറ്റിവെക്കാമെന്ന മുന്നണി തീരുമാനത്തെ തള്ളി കേരളാ കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. മധ്യമേഖലാ ജാഥ മാത്രം മാറ്റിയാല്‍ പോരെന്നാണ് അവസാനമായി മാണിയും സംഘവും അറിയിച്ചിരിക്കുന്നത്.
വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് ജാഥ മാറ്റിവെക്കണമെന്നാണ് കെ എം മാണി ആവശ്യപ്പെടുന്നത്. കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ.പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് മാണിയുടെ വ്യക്തിപരമായ ആവശ്യം കണക്കിലെടുത്ത് മധ്യമേഖലാ ജാഥമാത്രം മാറ്റി പ്രശ്‌നപരിഹാരം മുന്നണി നേതൃത്വം ആലോചിച്ചത്. പക്ഷേ മധ്യമേഖല ജാഥമാത്രം മാറ്റുന്നതിനോട് കേരളാ കോണ്‍ഗ്രസ് എം പൂര്‍ണ്ണമായി വിയോജിക്കുകയാണ്.