മാണി തുടർന്നാൽ വൻ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരും: കോടിയേരി

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (12:35 IST)
ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ധനമന്ത്രി കെഎം മാണി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധി സ്വാഗതാർഹമാണ്.  ഇനിയും മാണി അധികാരത്തിൽ തുടർന്നാൽ വൻ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരും.  മാണി അധികാരത്തിൽ തുടർന്നുകൊണ്ടുള്ള കേസന്വേഷണം പ്രഹസനമായിരിക്കുമെന്നും കോടിയേരി.  

മാണിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ വിജിലൻസ് ഡയറക്ടറെ പുറത്താക്കണം. വിജിലൻസ് ഡയറക്ടറെ മാറ്റി കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം തുടരന്വേഷണം നടത്തേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥനെപോലും സമ്മർദ്ദത്തിലാക്കി അനുകൂല റിപ്പോർട്ട് സമർപ്പിപ്പിച്ച മാണി വീണ്ടും മന്ത്രി കസേരയിൽ ഇരുന്നുള്ള പുനരന്വേഷണം പ്രഹസനമാകുമെന്നും കോടിയേരി പറഞ്ഞു.

ബാർ കോഴക്കേസിൽ എക്‍സൈസ് മന്ത്രി കെബാബു, മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കെതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. കേസിലെ ഒരു ഭാഗം മാത്രമാണ് പുറത്തുവരുന്നത്. മാണി രാജിവെക്കുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി അദ്ദേഹത്തിനെ പുറത്താക്കുയാണ് വേണ്ടത്. അല്ലെങ്കിൽ ഉമ്മൻചാണ്ടി സർക്കാറിന് തുടരാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധനമന്ത്രി കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണി ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വിജിലന്‍സ് കോടതിക്കു പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവ്. അതിനാല്‍ അദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു.