ബാർ കോഴക്കേസ് തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല: ആന്റണി

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (14:12 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത് തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബാര്‍ കോഴക്കെസിലെ വിധിയെ പറ്റി കൂടുതൽ പഠിച്ച ശേഷം മറ്റു കാര്യങ്ങൾ പറയാം. ഇത്തരം ആരോപണങ്ങളും വിവാദങ്ങളും കത്തി നിൽക്കുമ്പോഴാണ് അരുവിക്കരയിൽ ജയിച്ചതെന്നും ആന്റണി പറഞ്ഞു.

കേരള രാഷ്‌ട്രീയത്തിലേക്ക് ഇനി തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. പ്രഗത്ഭരാര ഉമ്മൻചാണ്ടി, വി.എം.സുധീരൻ, രമേശ് ചെന്നിത്തല എന്നിവരാണ് കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആരു നയിക്കുമെന്ന് അപ്പോൾ പറയാം. ഇപ്പോൾ അതു ചർച്ച ചെയ്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.

ബിജെപിയുടെ ഭരണം നാടിനാപത്താണ്. 5000 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ പാവനത്വം മോഡിയും സംഘവും നശിപ്പിച്ചു. മലയാളികളുടെ ഭക്ഷണ രീതി മാറ്റാൻ ആർഎസ്എസ് വിചാരിച്ചാൽ നടക്കില്ല. വിലക്കയറ്റത്തിനു കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ്. നെഹ്റു കുടുംബത്തെയും ആ പാരമ്പര്യത്തെയും ആദർശങ്ങളെയും മോദി ഭയപ്പെടുകയാണെന്നും ആന്റണി പറഞ്ഞു.