ബാറുടമകളോട് കൂറ് കാണിക്കാനാണ് സര്‍ക്കാര്‍ അവസാന നിമിഷം മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് ജനതാദള്‍ (എസ്) നേതാവ് മാത്യു ടി തോമസ്. ബാര്‍ കോഴയില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത് സംശയം നിറഞ്ഞതാണെന്നും. ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ നേരിട്ട് കണ്ട ആഭ്യന്തരമന്ത്രി അറസ്റ്റും റെയ്ഡും ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയെന്നും. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാണിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്നും. ഉരുട്ടിക്കൊലക്കേസ് പ്രതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ അഡ്വക്കേറ്റ് ജനറലിനെ പാര്‍ട്ടിയോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും. നിയമമന്ത്രിയായ എന്നെ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്നും കെഎം മാണി നിയമസഭയില്‍ അറിയിച്ചു.
കെഎം മാണിയെ വീട്ടില്‍ പോയി സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും. എസ്കോര്‍ട്ടില്ലാതെ യാത്രചെയ്യാറുണ്ടെന്നും, ആഭ്യന്തരമന്ത്രിക്ക് നിയമമന്ത്രിയെ കാണുന്നതിന് മാത്യു ടി തോമസിന്റെ ചിറ്റ് വേണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.