മാണിക്കെതിരായ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തത്: വിജിലന്‍സ് ഡയറക്ടര്‍

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2015 (16:15 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ വിജിലൻസ് എസ്പി സുകേശന്റെ കണ്ടെത്തലുകൾ  അടിസ്ഥാനമില്ലാത്തതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ട്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലാത്ത സാഹചര്യത്തില്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളുകയാണെന്നും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. മാണി കൈക്കൂലി ആവശ്യപ്പെട്ടതിന് മതിയായ തെളിവുകളില്ലെന്നും സുകേശന്റെ കണ്ടെത്തലുകൾ പലതും വിശ്വാസയോഗ്യമല്ലെന്നുമാണ് വിൻസൻ എം പോളിന്റെ വിശദീകരണം.

ബാർ കോഴക്കേസിൽ വ്യക്തമായ തെളിവുള്ളതിന്റെ പേരിൽ കെഎം മാണിയെ അഴിമതി നിരോധന നിയമ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ശുപാർശ ചെയ്യുന്ന വിജിലൻസ് വസ്‌തുതാവിവര റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1) (ഡി), 13 (2)  വകുപ്പുകൾ ചുമത്തി മാണിക്ക് കുറ്റപത്രം നൽകാവുന്നതാണെന്ന് എസ്പി എസ് സുകേശൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

മാണി കോഴ വാങ്ങിയതിന്  ശാസ്ത്രീയ, സാഹചര്യ തെളിവുകൾക്ക് പുറമെ ശക്തമായ സാക്ഷിമൊഴികളുമുണ്ട്. പണം വാങ്ങിയത് മാണി നിഷേധിച്ചെങ്കിലും സത്യമാണെന്ന് ബാറുടമകൾ സ്ഥിരീകരിച്ചു. രണ്ട് തവണയായി പാലായിൽ വച്ച് 15 ലക്ഷവും തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിൽ വച്ച് 10 ലക്ഷവും വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.  റിപ്പോർ‌ട്ട്  22-ന് വിജിലൻസ്  കോടതി പരിഗണിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് സമർ‌പ്പിച്ച ഹർജികളുടെ ഗതി നിർണ്ണയിക്കുന്നതാവും  റിപ്പോർട്ടിലെ കണ്ടെത്തലുകൾ.  ഈ റിപ്പോർട്ട് തള്ളിയാണ് മാണിക്കെതിരെ  കുറ്റപത്രം നൽകേണ്ടെന്ന് വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ തീരുമാനിച്ചത് .