സർക്കാരിനെ വെല്ലുവിളിക്കാമെന്ന് ബാറുടമകള്‍ കരുതേണ്ട: കെ ബാബു

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (13:16 IST)
ബാർ കോഴ വിവാദം ഉയര്‍ത്തിപ്പിടിച്ച് സർക്കാരിനെ വെല്ലുവിളിക്കാമെന്ന് ബാറുടമകള്‍ കരുതേണ്ടന്ന് എക്സ്സൈസ് മന്ത്രി കെ ബാബു. രാഷ്ട്രീയക്കാര്‍ക്കോ മന്ത്രിമാര്‍ക്കോ പണം നല്‍കിയെങ്കില്‍ ബാറുടമകള്‍ അത് തുറന്നു പറയണമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎം മാണിയുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ബാർ‌ കോഴ വിവാദത്തിൽ സർക്കാർ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല. ബാറുടമകളുമായി ഒരു നീക്കുപോക്കും സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും ബാബു പറഞ്ഞു. ചിലര്‍ പുകമറ സൃഷ്ടിച്ച് കാര്യങ്ങള്‍ അവ്യക്തമാക്കുന്നു. കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ മദ്യനയത്തിൽ നിരാശ പൂണ്ടാണ് ബാറുടമകൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബാറുടമകള്‍ക്ക് മദ്യനയത്തില്‍ പ്രതിഷേധം ഉള്ളതിനാല്‍ ഇപ്പോള്‍ കടുത്ത വൈരാഗ്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും. ആരോപണം ഉന്നയിച്ച ബിജുവിനെതിരെ പരാതി സ്വീകരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും മന്ത്രി കെ ബാബു പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.