ബാര്‍ കോഴ: താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയിലെത്തിയതെന്ന് സുകേശന്‍ - അന്വേഷണം അട്ടിമറിച്ചെന്ന മൊഴി പുറത്ത്

Webdunia
വെള്ളി, 13 ജനുവരി 2017 (17:50 IST)
ബാര്‍ കോഴ കേസില്‍ താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയിലെത്തിയതെന്ന് വിജിലന്‍സ് എസ്‌പി ആര്‍  സുകേശന്‍. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി പെന്‍ഡ്രൈവിലാക്കി നല്‍കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന സുകേശന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസ് ഡയറിയില്‍ മാറ്റം വരുത്തണമെന്ന് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടതായും സുകേശന്‍ വ്യക്തമാക്കുന്നു. തെളിവുകള്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടത്തുകയും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്‍ടര്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നും സുകേശന്‍ ആരോപിക്കുന്നുണ്ട്.

ശങ്കര്‍ റെഡ്ഡിയെ പ്രതികൂട്ടിലാക്കുന്ന മൊഴിയാണ് വിജിലന്‍സിന് സുകേശന്‍ നല്‍കിയത്. മുന്‍ വിജിലന്‍സ് ഡയറക്ടറുടെ മനപ്പൂര്‍വ്വമായ ഇടപെടലുകള്‍ ബാര്‍ കോഴ അന്വേഷണത്തില്‍ ഉണ്ടായെന്ന് സാധൂകരിക്കുന്നതാണ് സുകേശന്റെ മൊഴി.

ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുകേശന്റെ മൊഴി പുറത്തുവരുന്നത്. ബാർ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടുവെന്ന പരാതിയിൽ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഇന്ന് സമർപ്പിച്ചിരുന്നു.  

അന്വേഷണോദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനും തെളിവില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Next Article