ബാങ്കുകള്‍ തുറക്കും; ഇന്നുമുതല്‍ കറന്‍സികള്‍ മാറ്റിവാങ്ങാം; എടിഎമ്മുകള്‍ നാളെമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (08:16 IST)
രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് അടച്ച ബാങ്കുകള്‍ ഇന്ന് തുറക്കും. പുതിയ നോട്ടുകള്‍ ഇന്നുമുതല്‍ ബാങ്കുകള്‍ വിതരണം ചെയ്ത് തുടങ്ങും. ഉപഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ ബാങ്കുകളില്‍ നിന്ന് കറന്‍സികള്‍ മാറ്റിവാങ്ങാം. അതേസമയം, എ ടി എം കൌണ്ടറുകള്‍ വെള്ളിയാഴ്ച മുതലേ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.
 
തിരിച്ചറിയല്‍ കാര്‍ഡുമായി വേണം ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറിയെടുക്കാന്‍ എത്താന്‍. ഒരു ദിവസം ബാങ്കുവഴി മാറ്റി വാങ്ങാവുന്ന പരമാവധി തുക 4000 രൂപയാണ്. എന്നാല്‍, ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് പരിധിയില്ല.
 
അടിയന്തരസാഹചര്യം പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രത്യേക സാഹചര്യം പരിഗണിച്ച് ദേശീയ പാതയിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ ഒഴിവാക്കി. പാചകവിതരണ സ്ഥാപനങ്ങള്‍, മെട്രോ റെയില്‍വേ, കാറ്ററിങ്, മ്യൂസിയങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
 
അതേസമയം, സഹകരണബാങ്കുകളില്‍ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇപ്പോള്‍ സൌകര്യമുണ്ടാകില്ല.
Next Article