കോൺഗ്രസ് അനുഭാവിയായിട്ടു കൂടി ഞാൻ വിശ്വസിക്കുന്നത് ജയന്തൻ പറയുന്നതിൽ സത്യമുണ്ടെന്നാണ്, ഭാഗ്യലക്ഷ്മിയുടെയും പാർവതിയുടെയും തലയിൽ വക തിരിവില്ലാത്ത ഫെമിനിസമെന്ന് സംഗീത ലക്ഷ്മണ

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (15:44 IST)
വടക്കാഞ്ചേരി പീഡനകേസിൽ പ്രതിയെന്ന് ആരോപിക്കുന്ന ജയന്തനെ പിന്തുണച്ച് പ്രമുഖ അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെന്നും എന്നിട്ട് കൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് എന്ന് സംഗീത പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഗീത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
സംഗീത ലക്ഷ്മണയുടെ പോസ്റ്റ്:
 
വടക്കാഞ്ചേരി 'കൂട്ടബലാസംഗ'കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചർച്ചകളിൽ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളിൽ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്. കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളിൽ പകൽ മുഴുവൻ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാൻ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചർച്ചകളിൽ പങ്കെടുക്കുന്നില്ല എന്ന് ഞാൻ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്. 
 
‘സാമൂഹ്യപ്രവർത്തക’യായ ഭാഗ്യലക്ഷ്മിയുടെ മൊഴി. സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതിൽ ഏറ്റവും രസകരമായ bit ഇതാണ്- “അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.” ഇങ്ങനെ പലതും ചേർത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടർച്ചയായി അവർ കൂടി ചേർന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാൻ ഞാനില്ല. അത് ചില പെണ്ണുങ്ങൾ ചേർന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. 
 
ഒരു പീഡനകേസിൽ ഇരയുടെ മൊഴി ഒരു മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നത് " I am satisfied that the statement is voluntarily given" എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ 'ഇര' തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ. 
 
പ്രധാന കുറ്റാരോപിതനായ ജയന്തൻ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങൾ മുൻപ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള 'ഇര'യുടെ ഭർത്താവിന്റെ ഭീഷണി ഫോൺ കോൾ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി 'ഇര'യുടെ ഭർത്താവിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കിൽ ആ പണം ആദ്യം കൊടുത്തുതീർക്കാൻ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാർവ്വതിയും ചേർന്ന്. ജയന്തൻ മറ്റാരുടെയോ കൈയ്യിൽ നിന്ന് വാങ്ങിയാണ് ആ പണം കടമായി നൽകിയത് എന്നല്ലേ പറയുന്നത്. അതാണ് ചെയ്യേണ്ടത്. ആദ്യം. 
 
മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴി കൊടുക്കാൻ പോകുമ്പോഴും, ‘സാമൂഹ്യപ്രവർത്തക’യെ കാണാൻ പോകുമ്പോഴും ‘സാമൂഹ്യപ്രവർത്തക’ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഭർത്താവ് കൂടെയുണ്ടല്ലോ. ഭർത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല. 
 
Bhagyalakshmi & Parvathy- മനോഹരമായി സംസാരിക്കാൻ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാൽ, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയിൽ. വേറെ കുഴപ്പമൊന്നുമില്ല. 
 
അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, 'ഇര' പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്. ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോൺഗ്രസ്സിനൊപ്പമാണ്. എന്നിട്ട് കൂടി ഞാൻ വിശ്വസിക്കുന്നത് ജയന്തൻ പറയുന്നതിൽ സത്യത്തിന്റെ അംശങ്ങൾ ഉണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, എനിക്ക് പുരുഷന്മാരോട് അൽപം താല്പര്യകൂടുതലുണ്ട് അതുകൊണ്ട് കൂടി ഞാൻ ശക്തമായി തന്നെ ധരിക്കുന്നത് 'ഇര' പറയുന്നതിൽ ശരികളുടെ അംശങ്ങൾ കുറവാണ് എന്നാണ്. 
Next Article