ബാര്‍ വിഷയത്തില്‍ തന്നെ ഒറ്റുകാരനായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ ബാബു. യുഡിഎഫിന്റെ നിലപാടാണ് നടപ്പാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലസ്ടു കേസില്‍ മന്ത്രിസഭ ഉപസമിതിക്ക് പിഴവ് പറ്റിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ശുപാര്‍ശകള്‍ മാത്രം നടപ്പാക്കാനാകില്ല. പ്ലസ് ടു അനുവദിക്കുമ്പോള്‍ ഏതുകാലത്തും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്‌ടെന്നും ബാബു ചൂണ്ടിക്കാട്ടി.
അതേസമയം ബാറുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന എം എം ഹസന്‍ മലക്കം മറിഞ്ഞു. മദ്യ നിരോധനം നടപ്പാക്കണമെന്ന് നാളത്തെ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്നാണ് ഹസന്റെ പുതിയ നിലപാട്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണ് മദ്യനിരോധനമെന്നും മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുളളതെന്നും ഹസന്‍ പറഞ്ഞു. ബാര്‍ പ്രശ്നത്തിന് മദ്യനിരോധനം പരിഹാരമാകുമെന്നും ഹസന്‍ വ്യക്തമാക്കി.