ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി അപകടകാരിയായ പക്ഷിപ്പനി വൈഒറസ് ആണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതീവ അപകടകാരിയായ എച്ച് 5 എന്‍ 1 വൈറസ് ആണ് കേരളത്തില്‍ എത്തിയിരിക്കുന്നതെന്നും ശക്തമായ പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ രോഗം മനുഷ്യരിലേക്കു പടരുന്നതിനു സാധ്യതയുണ്ട് എന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പകരുന്നത് തടയാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സംഘമെത്തും.
അതിനിടെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ താറാവുകള്‍ കൂട്ടത്തൊടെ ചത്തതും പക്ഷിപ്പനിമൂലമെന്ന് സംശയമുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് നല്‍കിയിട്ടില്ല. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുമായി ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കും. കുട്ടനാട്ടില്‍ നിന്ന് കോഴികളെയും താറാവുകളെയും കടത്തുന്നത് തടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കുട്ടനാട്ടില്‍ നിന്ന് താറാവുകളെയും കോഴികളെയും കടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന് അഡീഷണല്‍ ഡയറക്ടറെ നിയമിക്കും. ഓരോ ജില്ലയ്ക്കും പ്രത്യേകം ജോയിന്റ് ഡയറക്ടര്‍മാരെയും നിയമിക്കും. അസുഖബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായി.
അതേസമയം പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകള്‍ക്ക് ഒന്നിന് 150 രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രോഗബാധക്കെതിരായ പ്രതിരോധ നടപടികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.