എറ്റിഎം പൊളിച്ച് മോഷണ ശ്രമം, ഒടുവില്‍ കള്ളന്മാര്‍ തോല്‍‌വി സമ്മതിച്ചു

Webdunia
തിങ്കള്‍, 3 നവം‌ബര്‍ 2014 (19:20 IST)
ബാങ്കിന്‍റെ എറ്റിഎം ഇളക്കിയെടുത്ത് റോഡില്‍ എത്തിച്ചെങ്കിലും കൊണ്ടുപോകാനോ ഇതിലെ നോട്ടുകള്‍ എടുക്കാനോ കഴിയാതെ മോഷ്ടാക്കള്‍ക്ക് ഇത് ഉപേക്ഷിക്കേണ്ടിവന്നു. ആറ്റിങ്ങലിനടുത്ത് കല്ലമ്പലം ജംഗ്ഷനില്‍പ്രവര്‍ത്തിക്കുന്ന എറ്റിഎം ആണ്‌ മോഷ്ടാക്കള്‍ക്ക്  ഉപേക്ഷിക്കേണ്ടിവന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പത്രവിതരണത്തിനു പോയവരാണു റോഡില്‍ എറ്റിഎം ബില്ലുകളും മറ്റും കണ്ടത്. ഇതില്‍ സംശയം തോന്നി അന്വേഷിച്ചു മുന്നോട്ടു പോയപ്പോഴാണ്‌ എറ്റിഎം കൌണ്ടര്‍ തകര്‍ന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ്‌ എറ്റിഎം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പഴയ പൊലീസ് സ്റ്റേഷനു മുന്നിലെ നാറാണത്ത് ചിറയ്ക്കരികിലെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ലക്ഷം രൂപ എറ്റിഎമ്മില്‍ ഉണ്ടായിരുന്നു. ആറു പൊലീസുകാര്‍ ചേര്‍ന്ന് ശ്രമിച്ചിട്ടും എറ്റിഎം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതില്‍ നിന്ന് പത്തോളം പേരെങ്കിലും എറ്റിഎം മോഷണ സംഘത്തില്‍ ഉണ്ടായിരിക്കാം എന്നാണു പൊലീസിന്‍റെ നിഗമനം.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വെളുപ്പിനു ഈ പ്രദേശത്ത് ഒരു അംബാസഡര്‍ കാര്‍ ചുറ്റിക്കറങ്ങുന്നത് കണ്ടതായും റിപ്പോര്‍ട്ടുണ്ട്.