കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ യുവതി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍ നാട്ടിലും പ്രശ്‌നക്കാരനായിരുന്നുവെന്ന് അയല്‍വാസികള്‍. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതുല്യയോട് മാത്രമല്ല, അതുല്യയുടെ അച്ഛനോടും അമ്മയോടുമുള്ള സതീഷിന്റെ പെരുമാറ്റവും ക്രൂരമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സതീഷിന്റെ വീട്ടുകാരുമായും അകലം പാലിച്ചു. പലപ്പോഴും സതീഷിന്റെ പെരുമാറ്റം മാനസിക പ്രശ്‌നം ഉള്ളയാളെ പോലെയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
'പെണ്‍കുട്ടി പിണങ്ങി വീട്ടില്‍ കഴിയുന്ന സമയത്ത്, വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് ഇവിടെ വന്നു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ വന്ന സമയത്ത്, ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റ് ചെന്നപ്പോള്‍ സതീഷും കൂട്ടുകാരും മതില്‍ ചാടുന്ന സന്ദര്‍ഭമാണ് കാണുന്നത്. ഇത് കണ്ട ഉടന്‍ തന്നെ ഞാന്‍ സ്‌റ്റോപ്പ് ചെയ്യിച്ചു. വെളുപ്പാന്‍ കാലത്ത് മതില്‍ ചാടി വരുന്നതിന്റെ അര്‍ഥം എന്താണ് എന്ന് ഞാന്‍ ചോദിച്ചു. നി ഇവിടത്തെ മരുമകന്‍ ആണ്. പക്ഷേ ഇവന്‍മാരോ'- അയല്‍വാസി മാധ്യമങ്ങളോട് പറഞ്ഞു.
ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഓഫീസില്‍ നിന്ന് പലതവണ താക്കീത് ലഭിച്ചതായും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ്. മദ്യപിച്ച് ക്യാമ്പിലൊക്കെ പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി എത്താറുണ്ടായിരുന്നില്ല. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഒപ്പം ജോലി ചെയ്തയാള്‍ പറയുന്നു. നിരവധി പ്രശ്‌നങ്ങളെ നേരിട്ട അതുല്യ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അതേസമയം, കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന'ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു.