അതിരപ്പിള്ളി പദ്ധതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് മുൻ വൈദ്യുതി മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ രംഗത്ത്. അതിരപ്പിള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായം. പദ്ധതി നടന്ന് കാണാന്‍ ആഗ്രഹിക്കുന്ന ഒരു ജനപ്രതിനിധിയാണ് താനെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. പരിസ്ഥിതിയുടെ പേര് പറഞ്ഞ് വികസനം തടയുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതിരപ്പള്ളി വിഷയത്തിൽ പദ്ധതിയെ അനുകൂലിച്ചു വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യം പ്രതികരിച്ചത്. ഇതിനെ ശക്തമായി എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. തുടർന്ന് മന്ത്രി നിലപാട് മയപ്പെടുത്തി. പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു. കെ മുരളീധരന്റെ അഭിപ്രായത്തോട് യോജിക്കുന്നതായി പത്മജ വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി വൈദ്യുതി ബോർഡ് തയാറാക്കി. സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയാൽ ഏതു നിമിഷവും ടെൻഡർ നടപടി തുടങ്ങാം. 936 കോടി രൂപയാണ് ആകെ ചെലവ്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിൽനിന്ന് 2.52 കിലോമീറ്റർ ദൂരെയാണു പുതിയ ഡാം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.