ആക്രമണങ്ങള്‍ നടത്തിയതിനു ശേഷം അട്ടപ്പാടിയിലും മറ്റു സ്ഥലങ്ങളിലും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ അതേസഥലത്ത് വീണ്ടും പോസ്റ്റര്‍ വാര്‍ത്തയാകുകയാണ്. ഇത്തവണ പോസ്റ്ററൊട്ടിച്ചത് മാവോയിസ്റ്റ് വിരുദ്ധരാണ്. അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളായ മുക്കാലി, ഗൂളിക്കടവ്, അഗളി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലാണ് മാവോയിസ്റ്റുകളെ ഭീഷണിപ്പെടുത്തുന്ന, കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ശനിയാഴ്ചയാണ്.
മാവോയിസ്‌റ്റ് വിഘടനവാദ വിരുദ്ധ സമിതി എന്ന പേരിലാണ് പോസ്‌റ്ററുകള്‍. രൂപേഷിന്റെ മകള്‍ക്ക് എല്‍.എല്‍.ബിയും സര്‍ക്കാര്‍ ജോലിയും ആദിവാസിയുടെ മക്കള്‍ക്ക് എന്ത്?, ചിന്തിക്കുക പ്രവര്‍ത്തിക്കുക, മാവോയിസ്‌റ്റുകളെ ആട്ടിയോടിക്കുക, ബെന്നിയുടെ ഘാതകര്‍ മാവോവാദികളായ മനുവേലും കാര്‍ത്തിക്കുമാണെന്നും നട്ടെല്ലുണ്ടെങ്കില്‍ പോലീസ് ഇവരെ അറസ്‌റ്റ് ചെയ്യണമെന്നും പോസ്‌റ്ററില്‍ പറയുന്നു.
തമിഴനും തെലുങ്കനും തോക്കുചൂണ്ടുമ്പോള്‍ നമ്മള്‍ മലയാളികള്‍ എന്തിന് മുട്ടുമടക്കണം, എണ്‍പതിനായിരം പേര്‍ക്കെതിരേ എട്ടുപേര്‍ തോക്ക് ചൂണ്ടിയാല്‍ ആര് ആരെ പേടിക്കണമെന്നും മാവോയിസ്‌റ്റുകള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും പോസ്‌റ്ററിലുണ്ട്. പോസ്റ്ററൊട്ടിച്ച സംഭവം വാര്‍ത്തയായതൊടെ പൊലീസ് അതിന്റെ ഉടമകള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിക്കഴിഞ്ഞു.