നിയമസഭ പതിനാറാം സമ്മേളനം ഫെബ്രുവരി 5 മുതല്‍

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2016 (10:19 IST)
പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എന് ശക്തന്‍ അറിയിച്ചു. അഞ്ച് മുതല്‍ 25 വരെ 14 ദിവസമാണ് സഭ സമ്മേളിക്കുന്നത്. പ്രധാനമായും ബഡ്ജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് സമ്മേളനത്തിന്റെ മുഖ്യഅജണ്ട. ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും.

ഫെബ്രുവരി എട്ടിന് 08.30-ന് അന്തരിച്ച മുന്‍ സ്പീക്കര്‍ എ സി ജോസിന് ആദരാഞ്ജലി അര്‍പ്പിക്കും. ഒന്‍പതിന് ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിക്കും. ഫെബ്രുവരി 12-ന് രാവിലെ ഒന്‍പത് മണിക്ക്
2015 -16 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളുടെ സ്റ്റേറ്റ്‌മെന്റ് മേശപ്പുറത്തുവെക്കലും
2016 -17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിന്റേയും വോട്ട് ഓണ്‍ അക്കൗണ്ടിന്റെയും സമര്‍പ്പണവും നടക്കും. ഫെബ്രുവരി 15-ന് 2015 -16 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.


ഫെബ്രുവരി 16, 17, 18 തീയതികളില്‍ 2016 - 17 വര്‍ഷത്തേക്കുള്ള ബഡ്ജറ്റിനെ കുറിച്ചുള്ള പൊതുചര്‍ച്ചയാണ്. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഫെബ്രുവരി 22-നാണ്. 24-ന് 2015 - 16 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ സഭ പരിഗണിക്കും. 25-ന് 2016-ലെ കേരള ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ പരിഗണിക്കും. ഫെബ്രുവരി 19-ന് അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. അന്ന് അംഗങ്ങളുടെ അനൗദ്യോഗിക ബില്ലുകള്‍ പരിഗണനയ്ക്ക് വരും.

സഭയില്‍ അവതരിപ്പിക്കേണ്ട ഗവണ്‍മെന്റ് ബില്ലുകള്‍ സംബന്ധിച്ച തീരുമാനം എട്ടിന് ചേരുന്ന കാര്യോപദേശകസമിതി യോഗത്തില്‍ ഉണ്ടാകുമെന്നും സ്പീക്കര്‍ എന്  ശക്തന്‍ അറിയിച്ചു. പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനമായിരിക്കും ഇതെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.