സാധാരണക്കാരുടെ നേതാവായി പേരെടുത്ത ആംആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാളിന്റെ വിമാനയാത്ര വിവാദത്തില്‍. ദുബായില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേജ്രിവാള്‍ വിമാനത്തിലെ ബിസിനസ് ക്ളാസില്‍ യാത്ര ചെയ്തതാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.
ദുബായിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കേജ്രിവാള്‍ ബിസിനസ് ക്ളാസ്സിലാണ് യാത്ര ചെയ്തത്. അതേ വിമാനത്തിലുണ്ടായിരുന്ന ഒരു സഹയാത്രികനാണ് മൊബൈലില്‍ ഈ ദൃശ്യം പകര്‍ത്തി വിവാദത്തിന് തിരികൊളുത്തിയത്. എന്നാല്‍ കേജ്രിവാളിന്റെ വിമാനയാത്രയെ ആയുധമാക്കി രാഷ്ട്രീയ എതിരാളികളായ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സാധാരണക്കാരില്‍ നിന്നും പണം പിരിക്കുകയും ദുബായിലേക്ക് ബിസിനസ് ക്ളാസ്സില്‍ യാത്ര ചെയ്യുകയും ചെയ്യുന്ന കേജ്രിവാളിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് ബിജെപി വക്താവ് ഹാരിഷ് ഖുറാന ആരോപിച്ചു. ഇക്കോണമിക് ക്ളാസില്‍ യാത്ര ചെയ്യാന്‍ കേജ്രിവാള്‍ വിസമ്മതിച്ചുവെന്നും അദേഹം ആരോപിച്ചു.
എന്നാല്‍ ബിസിനസ് ക്ളാസ് ടിക്കറ്റ് സംഘാടകര്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന് ആംആദ്മി പാര്‍ട്ടി വിശദീകരിച്ചു. നേരത്തെ നരേന്ദ്ര മോദി അഡാനി ഗ്രൂപ്പിന്റെ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ആരും ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചില്ലെന്നും ആംആദ്മി പറഞ്ഞു.