അരുവിക്കര ചൂടു പിടിക്കുന്നു; വിഎസും ഉമ്മന്‍ചാണ്ടിയും മണ്ഡലത്തില്‍

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (09:56 IST)
അരുവിക്കര തെരഞ്ഞടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പ്രധാന സ്ഥാനാര്‍ഥികളുടെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാറിന്റെ പര്യടനത്തിന് തിളക്കം കൂട്ടാന്‍ പ്രതിപക്ഷനേതാവ് വിഎസ്  അച്യുതാനന്ദന്‍ ഇന്നു മുതല്‍ മണ്ഡലത്തില്‍ സജീവമാകും. യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥന്റെ പ്രചാരണങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മണ്ഡലത്തിലുണ്ട്.

എം വിജയകുമാറിന്റെ പര്യടനം 16ന് അരുവിക്കര പഞ്ചായത്തില്‍നിന്നും ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റേത് 17ന് വെള്ളനാട്ടുനിന്നും ആരംഭിക്കും. 23 വരെ വിവിധ പഞ്ചായത്തുകളില്‍ വാഹനപര്യടനം നടത്തും. വിജയകുമാറിന്റെ പര്യടനം ശക്തമാക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മറ്റു പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്ത ശേഷം 23ന് വിതുരയില്‍ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം എത്തും.

പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലുണ്ട്. ഇന്നും കുടുംബയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ആര്യനാട് ഹൗസിങ് ബോര്‍ഡില്‍നിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകീട്ട് നാലിന് ഈഞ്ചപ്പുരിയില്‍ കുടുംബയോഗങ്ങള്‍ സമാപിക്കും. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വെള്ളനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലും പങ്കെടുക്കും. ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.

ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, പികെ കൃഷ്ണദാസ്, നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍, സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍, ജന. സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, കെപി ശ്രീശന്‍ എന്നിവരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നുണ്ട്.