അരുവിക്കരയില്‍ ഇന്നു നിശബ്ദപ്രചാരണം; നാളെ പോളിംഗ് ബൂത്തിലേക്ക്

വെള്ളി, 26 ജൂണ്‍ 2015 (08:27 IST)
ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ പരസ്യ പ്രചാരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു അവസാനിച്ചതോടെ ഇന്നു നിശബ്ദപ്രചാരണം. നിശബ്ദപ്രചാരണത്തിനുശേഷം ശനിയാഴ്ച അരുവിക്കര പോളിംഗ് ബൂത്തിലേക്കു നീങ്ങും. ഭവനസന്ദര്‍ശനവും മറ്റുമായാണ് നിശബ്ദപ്രചാരണമായിരിക്കും നടക്കുക.

അരുവിക്കരയില്‍ 1,84,223 വോട്ടര്‍മാരാണുള്ളത്. 154 ബൂത്തുകളില്‍ വോട്ടെടുപ്പു നടക്കും. 16 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ഇവരുടെ പേരു കൂടാതെ നോട്ട യ്ക്കും വോട്ടിംഗ് യന്ത്രത്തില്‍ ബട്ടണ്‍ ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,16,436 പേരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,20,851 പേരുമാണു വോട്ടു രേഖപ്പെടുത്തിയത്.

അര്‍ധസൈനിക വിഭാഗമുള്‍പ്പെടെ സുരക്ഷാസേനയെ മണ്ഡലത്തില്‍ വിന്യസിച്ചു കഴിഞ്ഞു. സംസ്ഥാന പൊലീസിന്റെ വലിയൊരു സംഘം തന്നെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച തിരുവനന്തപുരം സംഗീത കോളജില്‍ നടക്കും.

വെബ്ദുനിയ വായിക്കുക