കനത്ത മഴയിലും അരുവിക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കവെ പോളിംഗ് നിരക്ക് ശക്തമായി തുടരുന്നു. ഇതുവരെ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്. അവസാന നിമിഷവും കൂടുതല്‍ ആളുകള്‍ വേട്ട് രേഖപ്പെടുത്താന്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് തോളിക്കോട്, വിതുര, വെള്ളനാട്, ആര്യനാട് എന്നീ പഞ്ചായത്തുകളിലാണ്. എല്ലാ പഞ്ചായത്തുകളിലും അമ്പത് ശതമാനം പോളിംഗ് രേഖപ്പെടുത്തി. എല്ലായിടത്തും സമാധാനപരമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ശക്തമായ മഴയും കാറ്റും മൂലം അരുവിക്കര പഞ്ചായത്തില്‍ പോളിംഗ് കുറഞ്ഞ അവസ്ഥയിലെത്തിയിരുന്നു.
ആദ്യമണിക്കൂറില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയതെങ്കില്‍ പിന്നീട് സ്ത്രീകളും എത്തിത്തുടങ്ങുകയായിരുന്നു. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ് ഉള്ളത്. ഓരോ നിരയിലും മുപ്പതോളം പേര്‍ തുടരുകയാണ്. മഴ നേരിയ തോതില്‍ മാത്രമുള്ളതിനാല്‍ പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ആറു മണിയോടെ മോക്ക് പോളിംഗാണ് വോട്ടെടുപ്പ് നടപടികള്‍ക്കു തുടക്കം കുറിച്ചത്. കനത്ത സുരക്ഷയിലാണ് അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ ജനവിധി തേടുന്നത്.
ഒരു ബൂത്തില്‍ രാവിലെതെന്നെ വോട്ടിംഗ് മെഷിന്‍ പണിമുടക്കിയിരുന്നു. ഉടന്‍തന്നെ അധികൃതര്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. മഴ തുടരുന്നതിനാല്‍ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് കെഎസ്ഇ ബി ജീവനക്കാര്‍ സ്ഥലത്ത് എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ സ്‌പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തോടെയാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനുവേണ്ടി ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരിനാഥും എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിലെ എം വിജയകുമാറും ബിജെപിക്കുവേണ്ടി മുതിര്‍ന്ന നേതാവ് ഒ രാജാഗോപാലും മല്‍സരരംഗത്തുണ്ട്. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ ദാസും പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജും സജീവമായി മല്‍സരരംഗത്തുണ്ട്.