പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം തകര്‍ക്കും

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (08:09 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് അഞ്ചു മണിവരെയാണ് പരസ്യ പ്രചാരണം. നാളെത്തെ നിശബ്ദ പ്രചാരണത്തിന്ശേഷം ശനിയാഴ്‌ച അരുവിക്കരയിലെ ജനങ്ങൾ വിധിയെഴുതും. അതേസമയം, പ്രചാരണം ഇന്ന് അവസാനിക്കുമെന്നതിനാല്‍ ഓരോ പ്രദേശത്തു നിന്നും എതിരാളികളുടെ വോട്ടുകൾ പരമാവധി നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് പാർട്ടികൾ.

റോഡ്ഷോയും പൊതുയോഗങ്ങളും പുറമേ നടക്കുമ്പോൾ വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാണ്. യോഗങ്ങൾക്കെല്ലാം വലിയ ജനക്കൂട്ടമെത്തുന്നുണ്ട്. എന്നാൽ, ഇത് വോട്ടായി മാറുമെന്ന് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നില്ല. ഊർജസ്വലമായ പ്രവർത്തനമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ നടത്തുന്നത്. സഹതാപതരംഗം പരമാവധി മുതലെടുത്ത് വോട്ടുകള്‍ നേടുക എന്ന തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്.

പഴുതടച്ചുള്ള പ്രചാരണമാണ് ഇടത് സ്ഥാനാര്‍ഥി എം വിജയകുമാര്‍ നടത്തുന്നത്. വിജയകുമാറിന്റെ വ്യക്തി പ്രഭാവവും സര്‍ക്കാരിന്റെ അഴിമതികളും വോട്ടായി മാറുമെന്നാണ് ഇടത് പാളയം പ്രതീക്ഷിക്കുന്നത്. വളരെ നേരത്തെ പ്രചാരണം ആരംഭിച്ച് വ്യക്തമായ മുന്‍ തൂക്കം നേടിയ വിജയകുമാര്‍ വ്യക്തമായ മുന്‍ തൂക്കം നേടിയിരുന്നു.

ബിജെപിയുടെ സ്വാധീനമാണ് തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. തുടക്കത്തിൽ മെല്ലെപോയെങ്കിലും അവസാനഘട്ടമായപ്പോൾ വലിയ പ്രചാരണമാണ് മണ്ഡലത്തിൽ ബിജെപി നടത്തുന്നത്. ഇരു മുന്നണികൾക്കുമെതിരായ വികാരം തങ്ങൾക്കനുകൂലമാകുമെനന്ന് ബിജെപി കണക്കുകൂട്ടുന്നു.