ജ്യൂസാണെന്നു പറഞ്ഞ് 14 വയസുകാരിക്ക് ബിയര്‍ നല്‍കി പീഡിപ്പിച്ച സ്വാമിയെ ഗുരുവായുര്‍ പോലീസ് അറസ്‌റ്റുചെയ്‌തു. പ്രദീപ് മേനോന്‍ (39) എന്നയാളാണ് പിടിയിലായത്. ഗുരുവായൂരിലെ മമ്മിയൂരില്‍ ഹരേകൃഷ്ണ സത്സംഗ് ആശ്രമത്തിലാണ് സംഭവം നടന്നത്. ഏപ്രില്‍ 18 ന് രാത്രിയായിരുന്നു സംഭവം നടന്നത്. അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ഭജനയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. ഭജന കഴിഞ്ഞ് രാത്രിയില്‍ ജ്യൂസാണെന്നു പറഞ്ഞ് പെണ്‍കുട്ടിക്ക് ബിയര്‍ നല്‍കിയാണ് സ്വാമി പീഡിപ്പിച്ചത്.
കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. പീഡനത്തിന് അമ്മ കൂട്ടുനില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടു പറഞ്ഞു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് അവര്‍ ഗള്‍ഫിലുള്ള അച്ഛനെ വിവരമറിക്കുകയായിരുന്നു. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ തൃശൂരില്‍ ഇലക്‌ട്രോണിക്‌സ് കട നടത്തിയിരുന്ന പ്രദീപ് കച്ചവടം പൊളിഞ്ഞതോടെയാണ് സത്സംഗവുമായി രംഗത്തുവന്നത്.