അപേക്ഷ എഴുതിയ ആള്‍ ഇനി പഞ്ചായത്ത് പ്രസിഡന്‍റ്

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2015 (12:59 IST)
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ക്ക് വേണ്ടി വിവിധ അപേക്ഷകള്‍ തയ്യാറാക്കി നല്‍കിയിരുന്ന ആള്‍ ഇനി പഞ്ചായത്ത് പ്രസിഡന്‍റ് പദം അലങ്കരിക്കും. വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായാണ് സി പി എം സ്ഥാനാര്‍ത്ഥി ജി മുരളി എന്ന 47 കാരന്‍ ഉയര്‍ന്നത്. 
 
വള്ളിക്കുന്നം ഗ്രാമപഞ്ചായത്തിലെ കന്നിമേല്‍ വാര്‍ഡില്‍ നിന്ന് 232 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് മുരളി വിജയിച്ചത്. യു ഡി എഫ് ഭരിച്ചിരുന്ന വള്ളിക്കുന്നം പഞ്ചായത്ത് ആകെയുള്ള 18 വാര്‍ഡുകളില്‍ 10ലും വിജയിച്ചാണ് എല്‍ ഡി എഫ് തിരിച്ചുപിടിച്ചത്.
 
വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികജാതിക്കാര്‍ക്കാണ് ഇത്തവണ സം‍വരണം ചെയ്തിരിക്കുന്നത്. പട്ടികജാതിയില്‍ നിന്ന് ജയിച്ച ഏകവ്യക്തിയും മുരളി മാത്രമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളോളമായി നാട്ടുകാര്‍ക്ക് അപേക്ഷ എഴുതിയ മുരളി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ആയതിന്‍റെ സന്തോഷത്തിലാണ് മുരളിയിപ്പോള്‍.