സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇപി ജയരാജന്‍. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി അറിയില്ല. ഓഫീസിലെത്തിയ അഞ്ജുവും സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ ഇബ്രാഹിംകുട്ടിയും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കായികമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രി അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നും അഞ്ജു മുഖ്യമന്ത്രിയോടു പരാതി പറഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കായികമന്ത്രി.
അതേസമയം, സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് അഞ്‍ജു വ്യക്തമാക്കി. നിരവധി തിരക്കുകള്‍ക്കിടെയിലാണ് സംസ്ഥാനത്തിന്റെ നിര്‍ബന്ധമൂലം ഈ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. ഈ പദവി ഒഴിയാന്‍ മടിയൊന്നുമില്ലെന്നും അഞ്ജു പറഞ്ഞു.
ഇപ്പോഴത്തെ കായികമന്ത്രി തീരുമാനം നോക്കിയാൽ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്പോർട്സ് കൗൺസിൽ ആനുകൂല്യങ്ങൾ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാർഡിനോ സ്ഥാനമാനങ്ങൾക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.
അഞ്ജു ബോബി ജോർജ് വ്യക്തമാക്കുന്നത്:-
പുതിയ കായിക മന്ത്രിയെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമാണ് അഞ്ജു ഓഫീസില്‍ എത്തിയത്. അടുത്തിടെ പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്നും ഈ കേസ് മാത്രം പ്രത്യേകമായി പരിഗണിക്കണമെന്ന് പറഞ്ഞപ്പോഴുമാണ് കായിക മന്ത്രി ഇപി ജയരാജൻ പൊട്ടിത്തെറിച്ചത്.
ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്ന് അഞ്ജു പറഞ്ഞതോടെ മന്ത്രി ശകാരം ആരംഭിക്കുകയും സ്പോർട്സ് കൗൺസിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി ചേര്‍ക്കുകയുമായിരുന്നു. ഈ നടപടി കുട്ടികളുടെ പരിശീലനത്തെ ബാധിക്കുമെന്ന് അഞ്ജു വ്യക്തമാക്കിയപ്പോള്‍ സ്പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു ശകാരം ആരംഭിക്കുകയായിരുന്നു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബെംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും മന്ത്രി അഞ്ജുവിനോട് ചോദിച്ചു. തങ്ങൾ അധികാരത്തിൽ വരില്ലെന്നു കരുതിയോ നിങ്ങള്‍ എന്നും എല്ലാം കാത്തിരുന്ന് കണ്ടോ എന്നും അദ്ദേഹം ഭീഷണി മുഴക്കി.