ലോ അക്കാദമി വിഷയം സജീവമാക്കാന്‍ സിപിഐ; വിഷയം എൽഡിഎഫിൽ ഉന്നയിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (18:43 IST)
ലോ അക്കാദമി വിഷയം ഇടതു മുന്നണിയില്‍ കത്തുമെന്ന മുന്നറിയിപ്പ് നല്‍കി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. വിഷയം അടുത്ത എൽഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. പ്രിൻസിപ്പൽ ലക്ഷ്‌മി നായർ അഞ്ച് വർഷത്തേക്ക് സ്ഥാനമൊഴിഞ്ഞുവെന്ന് ഏത് അധികാരികളുടെ മുന്നിൽ വച്ചാണെന്നും അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും ഒരു സംഘടനയോട് മാത്രം ചർച്ച ചെയ്താൽ സമരം തീരുമെന്ന് മാനേജ്മെന്‍റ് കരുതേണ്ട. ലോ അക്കാദമി വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുകയാണ് വേണ്ടതെന്നും പന്ന്യന്‍ വ്യക്തമാക്കി.

ന്യായമായ സമരമാണ് ലോ അക്കാദമിയിൽ നടക്കുന്നത്. വിദ്യാഭ്യാസമന്ത്രി ഉൾപ്പടെ ബന്ധപ്പെട്ട ആരെങ്കിലും ലക്ഷ്‌മി നായർ
സ്ഥാനമൊഴിഞ്ഞത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടുണ്ടോ എന്നും പന്ന്യൻ രവീന്ദ്രൻ ചോദിച്ചു.

അതേസമയം, നിലപാട് കടുപ്പിച്ച് ലക്ഷ്‌മി നായര്‍ രംഗത്തെത്തി.

ലക്ഷ്‌മി നായര്‍ മാതൃഭൂമി ചാനലിനോട് വ്യക്തമാക്കിയത്:-

പാചകം ചെയ്തല്ല താന്‍ ഡോക്‌ടറേറ്റ് നേടിയത്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രിന്‍സിപ്പല്‍ ആയത്. പാചകത്തിന്റെ പേരില്‍ ഒരു സ്ത്രീയെ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലും ഇല്ലാത്തവര്‍ വരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടു.

കോളജിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് അഞ്ചുകൊല്ലം മാറി നില്‍ക്കാമെന്ന് സമ്മതിച്ചത്. അല്ലാതെ, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോള്‍ എടുത്തിരിക്കുന്നത് വലിയ തീരുമാനമാണെന്നും അത് വലിയ കാര്യമാണെന്നും അഞ്ചുവര്‍ഷം ചെറിയ കാലയളവല്ലെന്നും അവര്‍ പറഞ്ഞു.

ലോ അക്കാദമിയില്‍ നിന്ന് എന്തുവന്നാലും താന്‍ രാജി വെയ്ക്കില്ല. മാനേജ്‌മെന്റിന്റെ തീരുമാനത്തിന് എതിരെ ഒരിക്കലും കോടതിയില്‍ പോവില്ല. സമരം തുടര്‍ന്നാലും എസ് എഫ് ഐയും മാനേജ്‌മെന്റും തമ്മില്‍ ഉണ്ടാക്കിയ ധാരണകള്‍ തുടരുമെന്നും ലക്ഷ്‌മി നായര്‍ വ്യക്തമാക്കി.
Next Article