സ്‌ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യം; പാഠപുസ്‌തകം വിവാദത്തില്‍

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (18:16 IST)
പെണ്‍കുട്ടികളുടെ വൈരൂപ്യമാണ് സ്‌ത്രീധനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ വകുപ്പ്. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്‌തകത്തിലെ 'ഇന്ത്യയിലെ പ്രധാന സാമൂഹിക പ്രശ്‌നങ്ങള്‍' എന്ന  അധ്യായത്തിലാണ് വിവാദമായ പരാമര്‍ശങ്ങളുള്ളത്.

വിരൂപകളായ സ്‌ത്രീകള്‍ക്ക് വിവാഹം നടക്കാന്‍ പ്രയാസമാണെന്നും ഇതാണ് സ്‌ത്രീധനമെന്ന രീതിക്ക് കാരണമെന്നും പുസ്തകത്തില്‍ പറയുന്നു. 2013ലാണ് പുസ്‌തം ആദ്യം പ്രസിദ്ധീകരിച്ചത്. 2016ല്‍ പുതിയ പതിപ്പ് ഇറക്കിയിരുന്നു.

ഒരു പെണ്‍കുട്ടി വിരൂപയോ, വൈകല്യമുള്ളവളോ ആണെങ്കില്‍ അവളെ വിവാഹം കഴിപ്പിക്കുന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ അവളെ വിവാഹം കഴിക്കുന്നതിന് വേണ്ടി വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെടും. നിസഹായരായ വധുവിന്റെ വീട്ടുകാര്‍ അത്രയും സ്ത്രിധനം കൊടുക്കാന്‍ നിര്‍ബന്ധിതരാകും. ഇതാണ് സ്‌ത്രീധനത്തിന് കാരണമെന്നും പുസ്‌തകത്തില്‍ പറയുന്നു.

വിഷയം വിവാദമായതോടെ വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിനോദ് താവ്ഡേ, മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷനോട് വിശദീകരണം ആവശ്യപ്പെട്ടു.
Next Article