ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ത്രിശങ്കുവില്‍; വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

Webdunia
ബുധന്‍, 31 ജനുവരി 2018 (15:22 IST)
ഫോൺ കെണിക്കേസിൽ കുറ്റവിമുക്തനായ എൻസിപി നേതാവ് എകെ ശശീന്ദ്രൻ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അദ്ദേഹത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി കോടതി നാളെ പരിഗണിക്കും.

കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹർജി നൽകിയത്. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് മഹാലക്ഷ്മിയുടെ പ്രധാന ആവശ്യം.

തനിക്ക് പ്രായപൂർത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാൽ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാദ്ധ്യമ പ്രവർത്തക ആരോപണത്തിൽ നിന്ന് പിന്മാറിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കേസിൽ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രൻ വ്യഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article