‘അപകടകാരിയായ തോക്കി’ന്റെ കഥ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എ കെ സാജന് ബി ഉണ്ണിക്കൃഷ്‌ണന്റെ നിര്‍ദ്ദേശം

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2016 (15:20 IST)
മമ്മൂട്ടി നായകനായ ‘പുതിയ നിയമം’ത്തിന്റെ സംവിധായകന്‍ എ കെ സാജന് അനുമോദനവുമായി സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണിക്കൃഷ്‌ണന്‍. ഫേസ്‌ബുക്കിലാണ് ഉണ്ണിക്കൃഷ്‌ണന്‍ അനുമോദനവും ഒപ്പം ‘പുതിയ നിയമം’ സിനിമയാകുന്നതിനു മുമ്പ് നടന്ന ചില കാര്യങ്ങളും പങ്കുവെയ്ക്കുന്നത്.
 
ഉണ്ണിക്കൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
“എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ എ കെ സാജൻ എഴുതി സംവിധാനം ചെയ്ത പുതിയ നിയമം പ്രേക്ഷകർ സ്വീകരിക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്‌. സാജൻ എന്നോട്‌ ഈ സിനിമയുടെ ആശയം പങ്കുവെയ്ക്കുന്നത്‌ ഏകദേശം ഒന്നരവർഷം മുൻപാണ്‌. അന്ന്, അതിനെ രഞ്ജിപണിക്കരും രമ്യാനമ്പീശനും മുഖ്യകഥാപാത്രങ്ങാളാവുന്ന ഒരു ത്രില്ലർ എന്ന നിലയ്ക്കാണ്‌ സാജൻ മനസ്സിൽകണ്ടത്‌. പിന്നീട്‌ ആ ആശയം പൂർണ്ണമായി രൂപപ്പെട്ടുവന്നപ്പോൾ രഞ്ജിതന്നെയാണ്‌, സാജനോട്‌ കുറച്ചുകൂടി വലിയ സ്കെയിലിൽ ആലോചിക്കാനും,മമ്മുക്കയെ പോയികാണാനും വേണ്ട പ്രചോദനം കൊടുത്തത്‌. മലയാള സിനിമയിലെ എഴുത്തുകാർക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യത്തിന്റെ അടയാളം കൂടിയാണ്‌, ഈ ആശയവിനിമയം. ഇനി, എനിക്ക്‌ സാജനോട്‌ പറയാനുള്ളത്‌ ഇതാണ്‌: എന്നോടും റാഫിയോടുമൊക്കെ പലപ്പോഴായി നിങ്ങൾ പറഞ്ഞിട്ടുള്ള കഥകൾ--എന്റെ ഓർമ്മയിൽ തന്നെ അഞ്ചോളം കഥകളുണ്ട്‌-- എത്രയും പെട്ടെന്ന് തിരകഥകളാക്കുക. ഇത്ര സമൃദ്ധമായി ആശയങ്ങളെ ഉണ്ടാക്കിയെടുക്കുന്ന മറ്റൊരു തിരകഥാകൃത്തിനെ എനിക്ക്‌ പരിചയമില്ല. അതുപോലെ, ഇത്രയ്ക്ക്‌ മടിയുള്ള ഒരാളും വേറെയില്ല പ്രിയ സാജൻ, എത്രയും പെട്ടെന്ന് അന്നു പറഞ്ഞ, " അപകടകാരിയായ തോക്കിന്റെ" കഥയെഴുതി പൂർത്തിയാക്കണം. സംഭവം കിടുക്കും, ഒരു സംശയവും വേണ്ട. പുതിയ നിയമത്തിന്റെ വിജയം നിങ്ങളെ ഉഷാറാക്കട്ടെ, കൂട്ടുകാരാ...!”